ഈ ഉത്സവത്തില്‍ അവസാന മൂന്ന് ദിവസങ്ങള്‍ക്കാണ് പ്രാധാന്യം. ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് ആ ദിവസങ്ങള്‍. ദുര്‍ഗാഷ്ടമി സന്ധ്യയില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പുസ്തകങ്ങള്‍ പൂജ വെക്കുന്നു. മഹാനവമിയില്‍ യോദ്ധാക്കളും പണിയാളരും ആയുധങ്ങള്‍ പൂജവെക്കുന്നു. തുടര്‍ന്ന് വിജയദശമിയില്‍ പൂജയെടുപ്പോടെ, പുതിയൊരു ഉണര്‍ണവ്വോടെ തങ്ങളുടെ മേഖലയിലേക്കിറക്കം. പുസ്തകങ്ങള്‍ക്കും ആയുധങ്ങള്‍ക്കുമെല്ലാം ഒരവധി. അതെ, തയ്യാറെടുപ്പിന് വേണ്ടി ഒരു വിശ്രമദിനം. ഉത്തരേന്‍ഡ്യയിലാണ് നവരാത്രി ഉത്സവങ്ങള്‍ക്ക് ഏറെ പ്രാധാന്യം. എങ്കിലും മഹിഷാസുരവാസം മൈസൂറിലായിരുന്നുവെന്ന വിശ്വാസത്തിന്മേല്‍ പ്രൊഢാഡംബരപൂര്‍ണമായ ചടങ്ങുകള്‍ ദക്ഷിണേന്‍ഡ്യയിലും നടക്കുന്നുണ്ട്. പണ്ടുകാലത്ത് കേരളത്തില്‍ വഞ്ചിരാജാക്കന്മാരുടെ മേല്‍നോട്ടത്തിലാണ് ആഘോഷങ്ങള്‍ നടന്നു വന്നിരുന്നതെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്.
'സാര'മായ 'സ്വ'ത്തെ പ്രകാശിപ്പിക്കുന്ന ജ്ഞാനദേവതയാണ് സരസ്വതി. വിശ്വാസങ്ങളും ആചാരങ്ങളും നമുക്ക് മാറ്റി വെക്കാം. ജാതിമതഭേദമെന്യേ എല്ലാ വൈദികഗ്രന്ഥങ്ങളും മനുഷ്യനോട് ഒരു പോലെ തന്നെ അറിവ് സമ്പാദിക്കാന്‍ ആവശ്യപ്പെടുന്നുണ്ടല്ലോ. ശരിക്കും ഇതല്ലേ യഥാര്‍ത്ഥഅറിവ് ? 'എന്താണ് ഞാന്‍', 'എന്താണ് എന്റെ പോരായ്മ', 'എന്താണ് എന്റെ ഗുണങ്ങള്‍' ഇങ്ങനെ ഓരോരുത്തരേയും കുറിച്ച് അവരവര്‍ക്കു തന്നെ ഒരുപരിധി വരെയെങ്കിലും മനസ്സിലാക്കാന്‍ കഴിയുമ്പോഴല്ലേ നമുക്ക് ഒരു വ്യക്തിയാകാനാവൂ. സര്‍വകലാശാലകളില്‍ നിന്ന് ലഭിക്കുന്ന അറിവിന്റെ അംഗീകാരക്കടലാസുകളല്ല ജ്ഞാനം എന്ന് അത്തരമൊരു ഘട്ടത്തിലേ മനുഷ്യന് മനസിലാക്കാനാവൂ. അതുവരെ മാനവദ്രോണങ്ങള്‍ തുളുമ്പിത്തെറിച്ചുകൊണ്ടിരിക്കും. മനുഷ്യമനസിലെ അജ്ഞാനമാലിന്യങ്ങള്‍ സ്വയം നശിപ്പിച്ച് ജ്ഞാനസമ്പാദനത്തിന് തുടക്കം കുറിക്കാനാണ് ഓരോ നവരാത്രിക്കാലവും മനുഷ്യനോടാവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ തമസോമാ ജ്യോതിര്‍ഗമയാ എന്ന ശ്ലോകാര്‍ദ്ധം ഇവിടെ നമുക്കുള്ള വഴിവിളക്കായി ജ്വലിക്കട്ടെ.
ഇവിടെ വിദ്യാര്‍ത്ഥിക്കു മാത്രമല്ല അധ്യാപകനും പ്രാധാന്യമുണ്ട്. ആശാനൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴക്കും ശിഷ്യന് എന്നാണല്ലോ ചൊല്ല്. പക്ഷെ പുതിയ കാലഘട്ടത്തില്‍ അധ്യാപകന്‍ എന്നും തന്റെ ആവനാഴികള്‍ നിറച്ചുകൊണ്ടിരിക്കുകയാണ്. ശാക്തീകരണങ്ങളിലൂടെയും അധ്യാപനക്കുറിപ്പുകളിലൂടെയും (Teaching Note) തന്റെ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകന്‍ എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അഞ്ചു മണി കഴിഞ്ഞാല്‍ ജോലി അവസാനിപ്പിക്കുന്നവരല്ലല്ലോ നമ്മള്‍. നാളത്തേക്കുള്ള നോട്ടെഴുതാന്‍, ക്ലാസ് പരീക്ഷകളുടെ പേപ്പര്‍ നോക്കാന്‍, ഒഴിവുകാലത്താണെങ്കില്‍ പരീക്ഷാപേപ്പര്‍ നോക്കാന്‍, ശാക്തീകരണകോഴ്സുകള്‍ കൂടാന്‍...(സര്‍വ്വേ എടുക്കാന്‍) അതെ, പുറമെ നിന്നു കാണുന്നത്ര ലളിതമല്ല അധ്യാപകന്റെ ഉത്തരവാദിത്വങ്ങള്‍. ഇങ്ങനെയെല്ലാമാണെങ്കിലും അധ്യാപകജോലിക്ക് ഒരു സുഖമുണ്ട്. നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളെ ഇരിക്കാനനുവദിച്ചു കൊണ്ട് എന്നും നിന്നുകൊണ്ട് തന്റെ ഉത്തരവാദിത്വം ചെയ്യുന്നവരാണ് അധ്യാപകര്‍. ശിഷ്യന്റെ പേരിലറിയപ്പെടുന്ന ഗുരുക്കന്മാര്‍ പുരാണകാലം മുതലേ ഭാരതത്തിലുണ്ട്. ശ്രീകൃഷ്ണഗുരുവായ സാന്ദീപനിയില്‍ നിന്നു തുടങ്ങുന്ന ആ പരമ്പര ഇന്നും ജീവിക്കുന്നുണ്ട്. അത്തരമൊരു ശിഷ്യനെയെങ്കിലും സൃഷ്ടിച്ചെടുക്കാന്‍ നമുക്കോരോരുത്തര്‍ക്കുമാകട്ടെയെന്ന് ആശംസിക്കുന്നു.
അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നവര്‍ക്ക് ആശംസകള്‍
കടപ്പാട് :മാത് സ് ബ്ലോഗ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ