<br> <br> <br>

ONAkkalikal... ഓണക്കളികള്‍...







ഓണാശംസകള്‍


ഓണനാളുകളില്‍ മാത്രം നടക്കുന്ന ചില കളികളെ പറ്റി പറയാം.

ഓണത്തിന് മാത്രമുള്ള തെയ്യമാണ് ഓണത്തെയ്യം. തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിലാണ് ഈ തെയ്യം കെട്ടിയാടാറുള്ളത്. മഹാബലി സങ്കല്പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് ഓണത്താര് എന്നാണ് പേര്. വണ്ണാന്മാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. കണ്ണൂര്‍ ജില്ലകളിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്.

ഓണം തുള്ളല്‍ എന്ന മറ്റൊരു കലാരൂപം വേല സമുദായത്തില്‍പ്പെട്ടവരാണ് അവതരിപ്പിക്കാറുള്ളത്. ഓണക്കാലത്തു മാത്രമാണ് ഇത് നടത്താറുള്ളത്. ഉത്രാടനാളിലാണ് ആദ്യം കളി തുടങ്ങുന്നത്. കളിസംഘം വീടുകള്‍ തോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ഈ കല കോട്ടയം ജില്ലയില്‍ അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്.

ഓണക്കാല വിനോദങ്ങളില്‍ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. പണ്ട് കാലങ്ങളില്‍ ഓണക്കാലമായാല്‍ ഓണവില്ലിന്റെ പാട്ട് കേള്‍ക്കാത്ത വീടുകള്‍ ഉണ്ടാവാറില്ല എന്ന് കേട്ടിട്ടുണ്ട്.

സ്ത്രീകളുടെ ഓണവിനോദങ്ങളില്‍ പ്രഥമസ്ഥാനമാണ് കൈകൊട്ടിക്കളിക്കുള്ളത്. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒരിനമാണിത്. മുറ്റത്ത പൂക്കളത്തിനു ചുറ്റും നടത്തിവരുന്ന കൈകൊട്ടിക്കളി വീടുകളുടെ ഉള്‍തളങ്ങളിലും നടത്താറുണ്ട്.

അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് സ്ഥലങ്ങള്‍. തലമുറകളായി തുടര്‍ന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണത്തിലാണ് പുലിക്കളി നടക്കാറുള്ളത്. താളത്തിനുവഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും പുലിക്കളിയുടെ പ്രത്യേകതകളാണ്. പുലിക്കു പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും ഇതിലെ പ്രധാന വേഷങ്ങളാണ്.

തൃശൂര്‍,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു നാട³ കലാരൂപമാണ് കുമ്മാട്ടി.

ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലില്‍ പാടുള്ളൂ.

ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ആറന്മുള വള്ളംകളി നടക്കുന്നത്.പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്. ഓണം കളി (തൃശൂര്‍ ജില്ലയില്‍ പൊതുവേ ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരു ഗാന-നൃത്തകലയാണിത്), കമ്പിത്തയം കളി,ചുക്കിണി ചൂത്,ഓച്ചിറപയറ്റ്,സുന്ദരിക്ക് പൊട്ട്കുത്ത്, പതിനഞ്ചു നായയും പുലിയും, തലപന്തു കളി ഇങ്ങനെ നീണ്ടുപോകുന്ന ഓണകളികള്‍
നഗരങ്ങളിലേക്കാളുപരി നാട്ടിന്‍പുറങ്ങളിലാണ് കൂടുതല്‍ നടക്കാറുള്ളത്. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക് ബന്ധപ്പെട്ട നാട്ടുകാരില്‍ ഗൃഹാതുരത്വത്തിന്റെ അസ്ഥിത്വമാണ് ഉണര്‍ത്തുന്നത്.

1 അഭിപ്രായം: